പേരൂർക്കട: പിതാവിനെയും മകനെയും ക്രൂരമായി മർദിച്ച പ്രതികളെ പോലീസ് പിടികൂടുന്നതിൽനിന്ന് സംരക്ഷിച്ചയാളെ വഞ്ചിയൂർ പോലീസ് പിടികൂടി. വട്ടിയൂർക്കാവ് പടയണി റോഡ് ശിവശക്തി ഭവനിൽ സതീഷ് കുമാർ (46) ആണ് പിടിയിലായത്. ദിവസങ്ങൾക്കു മുമ്പ് കൈതമുക്ക് -ശ്രീകണ്ഠേശ്വരം റോഡിലൂടെ സ്കൂട്ടറിൽ വരികയായിരുന്ന ബിഎസ്എൻഎൽ ജീവനക്കാരൻ രാജേഷ്, മകൻ അഭിനവ് എന്നിവരെ ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചു പരിക്കേൽപ്പിച്ചിരുന്നു.
റോഡിൽ മാർഗതടസമായി ഇട്ടിരുന്ന കാർ നീക്കുന്നതിനായി ഇരുചക്രവാഹനത്തിന്റെ ഹോൺ മുഴക്കിയതാണു പ്രതികളെ പ്രകോപിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസ് പ്രതി ശ്യാംകുമാർ, ഇയാളുടെ സുഹൃത്ത് അഖിൽ എന്നിവർ പിടിയിലായിരുന്നു. ഇവരെ പോലീസ് പിടികൂടുന്നതിൽനിന്നും സംരക്ഷിക്കാനും ഒളിവിൽ കഴിയാനും സാഹചര്യം ഒരുക്കിയത് സതീഷ് കുമാറായിരുന്നു. ഇരുവരുടെയും സുഹൃത്താണ് സതീഷ്. മർദനത്തിനുശേഷം ശ്യാംകുമാർ ഒളിവിൽ പോയത് സതീഷ് കുമാറിന്റെ വീട്ടിലേക്കായിരുന്നു.
വട്ടിയൂർക്കാവിൽ നിന്നാണ് ശ്യാംകുമാറിനെ പോലീസ് പിടികൂടിയത്. അഖിലിനെയും പോലീസിന്റെ പിടിയിൽനിന്ന് സംരക്ഷിക്കാൻ സതീഷ് കുമാർ ശ്രമിച്ചിരുന്നു. ഇതുകൂടാതെ തെളിവുകൾ നശിപ്പിക്കാനും ഇയാൾ കൂട്ടുനിന്നതായി വഞ്ചിയൂർ പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.